07:38am 10 November 2026
NEWS
ട്രംപിനും നെതന്യാഹുവിനുമെതിരെ 'ഫത്‌വ' പുറപ്പെടുവിച്ച് മുസ്ലീം പുരോഹിതൻ


30/06/2025  10:35 AM IST
nila
ട്രംപിനും നെതന്യാഹുവിനുമെതിരെ ഫത്‌വ പുറപ്പെടുവിച്ച് മുസ്ലീം പുരോഹിതൻ

അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപിനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും എതിരെ  'ഫത്‌വ' പുറപ്പെടുവിച്ച് ഇറാനിലെ മുസ്ലീം പുരോഹിതൻ. ഇറാനിലെ ഉന്നത ഷിയാ പുരോഹിതനായ അയത്തുള്ള നാസർ മകാരെം ഷിറാസിയാണ് മതവിധി പുറപ്പെടുവിച്ചത്. 
ഇറാൻ പരമാധികാരത്തിന് ഭീഷണിയുയർത്തുന്ന ട്രംപിനെയും നെതന്യാഹുവിനെയും താഴെയിറക്കാൻ ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ ഒന്നിക്കണമെന്നാണ് അയത്തുള്ള നാസർ മകാരെം ഷിറാസി  ആഹ്വാനം ചെയ്തിരിക്കുന്നത്.

നേതാവിനെയോ മർജയെയോ (മതപരമായ അധികാരി) ഭീഷണിപ്പെടുത്തുന്ന ഏതൊരു വ്യക്തിയോ ഭരണകൂടമോ 'മുഹറിബ്' ആയി കണക്കാക്കപ്പെടുമെന്ന് മകാരെം ഷിറാസി വിധിയിൽ പറഞ്ഞു. ഇറാനിയൻ നിയമമനുസരിച്ച് ദൈവത്തിനെതിരെ യുദ്ധം ചെയ്യുന്ന ഒരാളാണ് 'മുഹറിബ്'. ഇങ്ങനെയുള്ളവരെ വധശിക്ഷ, കുരിശിലേറ്റൽ, അവയവങ്ങൾ ഛേദിക്കൽ, അല്ലെങ്കിൽ നാടുകടത്തൽ തുടങ്ങിയ ശിക്ഷകൾക്ക് വിധേയമാ്കകണമെന്നാണ് വിശ്വാസം.

ഈ ശത്രുക്കളുമായി മുസ്ലീങ്ങളോ ഇസ്ലാമിക രാജ്യങ്ങളോ ഏതെങ്കിലും തരത്തിലുള്ള സഹകരണം പുലർത്തുകയോ പിന്തുണ നൽകുകയോ ചെയ്യുന്നത് 'ഹറാം' അഥവാ നിഷിദ്ധമാണ്. ഈ ശത്രുക്കളെ അവരുടെ വാക്കുകളിലും തെറ്റുകളിലും ഖേദിപ്പിക്കാൻ ലോകമെമ്പാടുമുള്ള എല്ലാ മുസ്ലീങ്ങൾക്കും കടമയുണ്ടെന്ന് ഫത്‌വയിൽ കൂട്ടിച്ചേർത്തു.

ഈ പോരാട്ടം തൻറെ മുസ്ലീം കടമകൾ അനുസരിച്ചുള്ളതാണെന്നും പുരോഹിതൻ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ ഭാ​ഗമായി ഏതെങ്കിലും മുസ്ലീമിന് കഷ്ടപ്പാടുകളോ നഷ്ടങ്ങളോ സംഭവിക്കുകയാണെങ്കിൽ, ദൈവമാർഗത്തിൽ പോരാടിയവർക്കുള്ള പ്രതിഫലം അവർക്ക് ലഭിക്കുമെന്നും വിധിയിൽ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img